ഹോശേയായുടെ പ്രവചനം പതിമൂന്നാം അദ്ധ്യായം അഞ്ചാം വാക്യത്തിൽ നാം ഇങ്ങനെ വായിക്കുന്നു :
ഞാനല്ലാതെ ഒരു രക്ഷിതാവു ഇല്ലല്ലോ. ഞാൻ മരുഭൂമിയിൽ ഏറ്റവും വരണ്ട ദേശത്തു തന്നേ നിന്നെ മേയിച്ചു.
ഹോശേയാ 13:5
ഇല്ലായ്മയുടെയും ഏകാന്തതയുടെയും സ്ഥലമാണ് മരുഭൂമി. ആരും സഹായിക്കാനില്ലാത്ത എല്ലാ സാഹചര്യങ്ങളും പ്രതികൂലമായ എവിടെ തിരിഞ്ഞു നോക്കിയാലും ശൂന്യത മാത്രം കാണപ്പെടുന്ന മരുഭൂമിയുടെ അവസ്ഥ കാലാകാലങ്ങളിൽ നാം ഏവരും ജീവിതത്തിൽ അനുഭവിക്കാറുണ്ട്. ചിലർക്ക് അത് ആത്മീക ജീവിതത്തിലാകാം മറ്റു ചിലർക്ക് അത് ഭൗതീക ജീവിതത്തിലാകാം. എന്നാൽ മിക്കപ്പോഴും നമ്മുടെ മാനുഷീക ബലഹീനതയിൽ ദൈവത്തോട് പരാതി പറയുകയോ പിറുപിറുക്കുകയോ ആണ് ഇത്തരം അവസ്ഥകളിൽ നാം ആദ്യം ചെയ്യുക -
ഇസ്രായേൽ ജനത മിസ്രയീമിന്റെ അടിമത്വത്തിൽ നിന്നും വിടുതൽ പ്രാപിച്ചെങ്കിലും വാഗ്ദത്ത ദേശമായ കനാൻ ദേശത്ത് എത്തുവാൻ 40 വര്ഷം മരുഭൂമിയിലൂടെ സഞ്ചരിക്കേണ്ടി വന്നു. ഒന്നോ രണ്ടോ മാസം കൊണ്ട് നടന്നെത്താവുന്ന ദൂരമേ ഈ രണ്ടു സ്ഥലങ്ങൾ തമ്മിലുണ്ടായിരുന്നുള്ളൂ എങ്കിലും 40 വർഷം മരുഭൂമിയിലൂടെ നടന്നതിലൂടെ വരണ്ട ദേശത്തും പുഷ്ടിയോടെ മേയിക്കുന്ന ഒരു ദൈവത്തെ അവർ രുചിച്ചറിഞ്ഞതായി നാം മുൻപ് വായിച്ച വാക്യം വ്യക്തമാക്കുന്നു. ആ മരുഭൂമിയിൽ ഓരോ പ്രതിസന്ധിയിലും അവർ ദൈവ ശബ്ദം ശ്രവിച്ചു, ദൈവീക ദർശനങ്ങൾ കണ്ടു ദൈവീക കരുതൽ അനുഭവിച്ചു. അതിലുപരിയായി ആ മരുഭൂമിയുടെ അപ്പുറത്തുള്ള ദൈവീക വാഗ്ദത്തം ശത്രുക്കളിൽ നിന്ന് വെട്ടിപ്പിടിക്കുവാൻ അവർ അനുഭവിച്ച ആ പ്രതികൂലങ്ങൾ അവരെ പ്രാപ്തരാക്കി. അവരെ നയിച്ച മോശെയെയും ഇതേ അനുഭവത്തിലൂടെ തന്നെ ആണ് ദൈവം ആ ചുമതലയിലേക്ക് പാകപ്പെടുത്തിയത്. മരുഭൂമിയിൽ അമ്മായിഅപ്പന്റെ ആടുകളെ മേയിക്കുമ്പോഴാണ് ദൈവ ശബ്ദം മോശെ കേട്ടത്. മരുഭൂമിയിൽ വെച്ചാണ് ദൈവീക ദർശനവും വാഗ്ദത്തവും തനിക്ക് ലഭിച്ചത്. അവിടെ വെച്ചാണ് ചുരുക്കം ചില ആടുകളെ മേയിക്കുന്ന ജോലിയിൽ നിന്നും ലക്ഷ കണക്കിന് വരുന്ന ഒരു വലിയ പുരുഷാരത്തെ മേയിപ്പാനുള്ള ഒരു പുതിയ ശുശ്രൂഷയിലേക്ക് ദൈവം തന്നെ നടത്തിയത്.
1 രാജാക്കന്മാരുടെ പുസ്തകം പത്തൊൻപതാം അദ്ധ്യായത്തിൽ യിസ്രായേലിന്റെ അതിശക്തനായിരുന്ന പ്രവാചകൻ ഏലിയാവ് ഇതേ അനുഭവത്തിലൂടെ കടന്നു പോകുന്നത് നാം കാണുന്നു. അതിധൈര്യത്തോടെ രാജകുടുംബത്തിന്റെ അനീതിക്കെതിരെയും വിഗ്രഹാരാധനയ്ക്കെതിരെയും വാളെടുത്ത താൻ രാജ്ഞിയുടെ ഭീഷണിക്കു മുന്നിൽ മരുഭൂമിയിലേക്ക് ഓടി പോകുകയാണ്. ആ മരുഭൂമിയുടെ ഏകാന്തതയിൽ മരണത്തെ ആഗ്രഹിച്ചിരുന്ന തന്റെ മുന്നിലേക്ക് ചൂടടയുടെയും വെള്ളത്തിന്റെയും ശക്തി പകരുക മാത്രമല്ല അന്നു വരെ ആരും കാണാത്ത ഒരു ദൈവീക ദർശനവും അന്നു വരെ താൻ ചെയ്തിട്ടില്ലാത്ത ഒരു അഭിഷേകത്തിന്റെ ശുശ്രൂഷയും ദൈവം പകരുകയുണ്ടായി.
അബ്രഹാമിന്റെ ഭവനത്തിൽ നിന്നും ഓടി പോയ ഹാഗാറിന്റെ ജീവിതത്തിലും മരുഭൂമിയുടെ അനുഭവത്തിൽ വെള്ളമ്മില്ലാതെ താനും കുഞ്ഞും മരണത്തെ മുഖാമുഖം കണ്ടപ്പോൾ ദൈവിക ദർശനവും വിടുതലും തലമുറകൾക്ക് വേണ്ടിയുള്ള ദൈവീക വാഗ്ദത്തവും കൊടുത്ത് ഈ ദൈവം കരുതുവാനിടയായ വസ്തുതയും നമുക്കോർക്കാം.
പ്രിയ സഹോദരാ സഹോദരീ ഇന്ന് താങ്കൾ കടന്നു പോകുന്ന സാഹചര്യം മരുഭൂമി സമാനമാണോ? സഹായിപ്പാൻ ഒന്ന് താങ്ങുവാൻ ബലപ്പെടുത്തുവാൻ ആരുമില്ലാ എന്ന് തോന്നുന്നുവോ? ഭാരപ്പെടേണ്ട ഇസ്രായേൽ മക്കളെ വഴിനടത്തിയ ഏലിയാവിനെ ബലപ്പെടുത്തിയ ഹാഗാറിനെ കരുതിയ അതേ ദൈവമാണ് നമുക്ക് വേണ്ടിയും പ്രവർത്തിക്കുന്നത്. ഇന്നു വരെ കണ്ടിട്ടില്ലാത്ത ഒരു ദൈവീക ദർശനത്തിനായി ഇന്നു വരെ കേട്ടിട്ടില്ലാത്ത ഒരു ദൈവീക ശബ്ദത്തിനായി ഇന്നു വരെ ആനുഭവിച്ചിട്ടില്ലാത്ത ഒരു പ്രത്യേക അഭിഷേകത്തിനായി ദൈവ കരങ്ങളിൽ സമർപ്പിക്കുക കാത്തിരിക്കുക. ദൈവം താങ്കൾക്ക് വേണ്ടി പ്രവർത്തിക്കുവാൻ പോകുകയാണ്
സർവശക്തനായ ദൈവം നമ്മെ അനുഗ്രഹിക്കുമാറാകട്ടെ