ദൈവത്തിൽ ഉള്ള വിശ്വാസം

ദൈവനാമത്തിനു മഹത്വമുണ്ടാകട്ടെ 
 
"നിങ്ങൾ ഇങ്ങനെ ഭീരുക്കൾ ആകുവാൻ എന്ത് ? നിങ്ങൾക്കു ഇപ്പോഴും വിശ്വാസമില്ലയോ?"
 
 തങ്ങൾ യാത്ര ചെയ്തിരുന്ന പടകിനെതിരെ ആഞ്ഞടിച്ച വലിയ ചുഴലി കാറ്റിനെ ശാസിച്ചമർത്തിയതിനു ശേഷം യേശു  ശിഷ്യന്മാരോടു ചോദിക്കുന്ന
ഒരു ചോദ്യമാണ് ഇതു് .
 
യേശു ചെയ്ത  അനവധി വീര്യ പ്രവർത്തികൾ നേരിട്ടു കണ്ട ശിഷ്യന്മാർ സ്വന്തം ജീവിതത്തിൽ ഒരു കടുത്ത പ്രതിസന്ധി നേരിട്ടപ്പോൾ, സർവശക്തനായ യേശുവിന്റെ സാന്നിധ്യം പോലും മറന്നു  ഭീരുക്കൾ  ആകുന്നതാണ് നാം ഇവിടെ കാണുന്നത്. ഒരു ജീവൻ-മരണ പോരാട്ടത്തിനു മുൻപിൽ ഭയം തോന്നുക എന്നത് മനുഷ സഹജമാണെന്ന് നമുക്ക് തോന്നാമെങ്കിലും അവരുടെ ഭയം വിശ്വാസമില്ലായ്മയുടെ ഫലം ആണെന്നതാണ് യേശു ആ വാക്യങ്ങളിൽ കൂടി മനസ്സിലാക്കി തരുന്നത്.
ജീവിതത്തിലെ ചില  സാഹചര്യങ്ങളിൽ നാം ഓരോരുത്തരും ഭയചകിതരാകുന്നതിനു  മുഖ്യകാരണം ദൈവത്തിൽ വേണ്ടത്ര വിശ്വാസം ഇല്ലാതെ വരുന്നതിനാലാണ്. നമ്മുടെ പ്രശ്നങ്ങളേക്കാൾ എല്ലാം വലിയവനായ, നമ്മുടെ ബലഹീനതകളേക്കാൾ എല്ലാം ബലവാനായ, നമ്മുടെ ഇല്ലായ്മകളെക്കാളെല്ലാം  മതിയായവനായ ഒരു ദൈവത്തെ ആണ് നാം സേവിക്കുന്നത്.
മർക്കോസിന്റെ സുവിശേഷം അഞ്ചാം അദ്ധ്യായം 29-)൦  വാക്യത്തിൽ,
12 വർഷമായി രക്തസ്രവക്കാരി  ആയിരുന്ന  ഒരു സ്ത്രീ യേശുവിന്റെ വസ്ത്രത്തിന്റെ തൊങ്ങൽ തൊട്ടു സൗഖ്യമാകുന്ന സംഭവം നമുക്ക് വായിക്കുവാൻ കഴിയും. ആ തിക്കിലും തിരക്കിലും പുരുഷാരത്തെ അവൾ ഭയന്നില്ല. ആൾക്കൂട്ടത്തിനിടയിൽ  ആരെങ്കിലും തന്നെ തിരിച്ചറിഞ്ഞാൽ എന്ത് സംഭവിക്കും എന്നവൾ ചിന്തിച്ചില്ല. അവളുടെ ശക്തമായ വിശ്വാസം അത്തരം ഭയത്തെ എല്ലാം ദുരീകരിക്കുകയും ആ വിടുതലിനു കാരണമായ സ്പർശനത്തിനു  അവളെ ശക്തീകരിക്കുകയും ചെയ്തു.നമ്മുടെ ജീവിതത്തിലെ  പ്രതികൂലവസരങ്ങളിൽ തളർന്നു പോകാതെ ശക്തിപ്പെടുവാൻ അബ്രാഹാമിനുണ്ടായിരുന്നതു  പോലെ ഒരു ദൃഡമായ വിശ്വാസമാണ് നമുക്ക്‌ വേണ്ടിയത്. 
 
സർവശക്തനായ യേശു നമ്മെ കരുതുന്നതാകയാൽ നമ്മുടെ ചിന്താകുലങ്ങളെ , നമ്മുടെ പിരിമുറുക്കങ്ങളെ, നമ്മുടെ അനശ്ചിതത്വങ്ങളെ നമുക്ക് യേശുവിന്മേൽ അർപ്പിക്കാം .ഈ ലോകത്തെയും മരണത്തെയും ജയിച്ചവനായി,  നമ്മുടെ ഏതവസ്ഥകളെയും പരിഹരിക്കുവാൻ  കഴിവുള്ളവനായ യേശു, നമുക്കു  വേണ്ടി ഇന്നും ജീവിക്കുന്നു.  ആകയാൽ ക്രിസ്തു യേശുവിൽ ആശ്രയിച്ചു,  തന്നെ മാത്രം വിശ്വസിച്ചു, നമ്മുടെ ജീവിതയാത്ര മുന്നോട്ടു നയിക്കാം. 
ദൈവം നമ്മെ അനുഗ്രഹിക്കുമാറാകട്ടെ 
 Kezia@finny.info
Copyright ©2025. Created by Kezia
linkedin facebook pinterest youtube rss twitter instagram facebook-blank rss-blank linkedin-blank pinterest youtube twitter instagram